Friday, December 17, 2010













സത്യസന്ധമായിരുന്നില്ല 2010!


"നിനക്കെന്താണോ ഇഷ്ടം അതാണെന്റെയും.
നീ കരയുന്നെങ്കില്‍, അതെന്റെ കണ്ണ് നിറഞ്ഞത്‌ കൊണ്ട് മാത്രമായിരിക്കും.
വസന്തത്തിലും വേനലിലും കോര്‍ത്ത കൈ അഴിയാതെ അലസമായ് നടക്കും.
കിതപ്പറിയാതെ വഴികള്‍ നടന്നു തീര്‍ക്കും.
ഇറ്റു വീണ മഷിത്തുള്ളി പോലെ പരസ്പരം പടര്‍ന്നിരിക്കും.
ഒടുവില്‍ ,ഞാനില്ലാതാകുന്നതിലല്ല നിനക്ക് ഞാനില്ലാതാകുന്നതാണെന്റെ നോമ്പരമെന്നുറക്കെ കരയും.
ഉപാധികളില്ലാതെ നിന്നെ ഞാന്‍ സ്നേഹിക്കും."

Wednesday, December 09, 2009














നമ്മള്‍

നാമെന്തു ബന്ധം,നമുക്കെന്തു സ്വന്തം?

കടലെടുത്തതും കാറ്റില്‍ പറന്നതും
കാലുറക്കാതെ കീഴ്മേല്‍ മറിഞ്ഞതും
ചങ്കുറപ്പാല്‍ കരം കോര്‍ത്തുയര്‍ന്നു നാം
കരളുറപ്പിന്റെ കൂട്ടുകാരായതും..

കളിവിളക്കില്‍ മുഖം തെളിഞ്ഞന്നേരം
അരയുറക്കത്തിലൊ‍രുമിച്ചരങ്ങില്‍ നാം.
പദങ്ങള്‍ മാറ്റിയാടിത്തിമിര്‍ത്തു നീ-
പ്രണയം വിതുമ്പലായ്
എന്‍ മുന്നില്‍ നിന്നതും.

പകരം തരാനെന്റെ മനസ്സുണ്ട്-ഞാനുണ്ട്
ചോര വറ്റാത്തൊരെന്‍ ഹൃദയമുണ്ട്!

നറുനിലാവോളങ്ങള്‍ തുള്ളിത്തുടിക്കുമ്പോള്‍,
വെയിലുറഞ്ഞീറന്‍ വലിച്ചെടുക്കുമ്പോള്‍,
തിരിയുഴിഞ്ഞാഴിയിലളന്നൊഴിക്കുമ്പോള്‍,
പാതിരാ പുള്ളുകള്‍ പാടിപ്പരത്തട്ടെ
പ്രളയം മരിച്ചെന്ന് ;പ്രണയം ജനിച്ചെന്ന്.

കാതമേറെ നാം കാത്തിരുന്നപ്പോഴും-
കാതിലെത്ര നാം കിന്നരിച്ചു
നീണ്ട രാവുകളിലെത്ര കിനാക്കള്‍ നെയ്തു?

തണല്‍ തേടി തരു തേടി
കാട്ടിലലഞ്ഞ നാള്‍
ഒരു മരത്തണലില്‍ കിതച്ചിരുന്നു.
കാട്ടുവള്ളികള്‍ തോരണം
ചാര്‍ത്തിയ പന്തലില്‍
നാമറിയാതെ നാം നമ്മെ വേട്ടു.

പിന്നെ-കാര്‍മേഘം
പെയ്തൊഴിഞ്ഞൊരു നാളില്‍
മഴ നനഞ്ഞെത്ര നാം!
മെയ് മറന്നെത്ര നാം!

നീയെന്റെ പാട്ടുകള്‍ക്കീണമായി
തീരാഗാനമായി
രാഗ താളമായി .

Thursday, March 20, 2008

കവിത



















പരിഭവം പറച്ചിലായ്
അമ്മക്കെഴുതിയ നാല്
വരികളാണെന്റെ ആദ്യ കവിത.
സങ്കടം വിറ്റിരന്നുവാങ്ങിയ
കണ്ണീരിന്,വേദനയുടെ
കയ്പായിരുന്നില്ലെന്നമ്മ.

കീറക്കടലാസില്‍ ഒരു കവിപിറന്നെന്ന്
ലോകത്തോട് പറഞ്ഞ ടീച്ചര്‍ ,
വിപ്ലവം പോരെന്ന് പറഞ്ഞിറക്കിവിട്ട
സ്വന്തം സഖാക്കള്‍ ,
ചോര ചീന്തണം പോലും കവിതയില്‍
ഇവളെന്റെ ചോരയില്‍ കുരുത്തതാണ്.

അച്ചടിച്ച് വന്നതാദ്യം കണ്ടപ്പോള്‍
തൊലി-കണ്ടാമൃഗത്തിന്റെതെന്ന്
പ്രശംസിച്ച കവി അമ്മാവന്‍.
കവിത നിരോധിച്ച സഹപാഠികള്‍ ,
പിന്നെ-ഇറ്റുവീണ മഷിത്തുള്ളി പോലെ
എന്നില്‍ പടര്‍ന്ന നീ..
എഴുതാന്‍ ഓര്‍മ്മകള്‍തന്നകന്നു പോയ്.

കവിത നിഷേധിച്ച കവിയരങ്ങില്‍
ശരക്കൂട് നിറയെ അക്ഷരങ്ങളുമായ്
മാറ്റുരക്കാന്‍ പോയ
വര്‍ത്തമാനത്തിലെ കപി.

അനാഥത്വം തികട്ടി താളുകളില്‍
ഛര്‍ദ്ദിച്ചതല്ല,
നോവറിഞ്ഞ നേരാണ് കവിത.

ബിജോയ്‌ കോറോത്ത്

Monday, December 17, 2007

ഒന്നാമത്തെ പ്രണയം‌‌‌‌‌‌‌‌‌‌‌‌‌



















പ്രണയത്തിന്റെ പതിനാറാഘോഷിക്കുവാന്‍
‍നീ നല്‍കിയ അത്താഴം

അവസാനത്തെതായിരുന്നല്ലോ?;
അന്ന്-ഞാന്‍ നുകര്‍ന്ന വീഞ്ഞ് പാത്രം
ചോരവാര്‍ന്ന്;മേലുരുകിയ മെഴുതിരിക്കൊപ്പം
തളര്‍ന്നുറങ്ങുകയാവും
എന്റെ പുനര്‍ ജന്മവും കാത്ത്.


ബിജോയ്‌ കോറോത്ത്

Friday, October 12, 2007

Fallen












ഈ മരച്ചില്ലയിലായിരുന്നല്ലൊ
ഞാന്‍- കൂട് വച്ചതും കൂട്ടിനായ് കാത്തതും...
ഞാന്‍ അറിയാത്തത്













ഇന്നലെ തഴുകിത്തലോടി പോയൊരാ കാറ്റിലും
മരണത്തിന്‍ ആര്‍ത്തനാദം-ഞാന്‍ കേട്ടിരുന്നു.
ദുരൂഹത തളംകെട്ടി നില്‍ക്കുമെന്‍ ജീവനിലും
മരണത്തിന്‍ തണുപ്പ്-ഞാന്‍ അറിയുന്നു.

ചുറ്റിലുമവര്‍ പിറുപിറുക്കുംബൊഴും
ഒറ്റക്കിരുന്നവള്‍ കണ്ണീര്‍ തുടക്കുംബൊഴും
മരണത്തിന്‍ വേദന-ഞാന്‍ അറിയുന്നു.

നിറങ്ങളുടെ വിസ്മയ ലോകത്തില്‍
സ്നേഹത്തിന്‍ നിറം-ഞാന്‍ മറന്നു പോകുന്നുവോ?
ദേഹം പുനര്‍നിര്‍മ്മിക്കപ്പെടുംബോള്‍
സ്നേഹത്തിന്‍ ഭാഷ-ഞാന്‍ അറിയാതാകുന്നുവോ?

ജീവന് വേണ്ടിയവര്‍ അവസാന ശ്രമം നടത്തുംബൊഴും
കയ്യില്‍ കിട്ടിയ പലതും
വിട്ടുപോകുന്നതായി-ഞാന്‍ അറിയുന്നു.

അവസാനമായൊന്നാ പുഴക്കരയില്‍,മലഞ്ചെരുവില്‍
എന്നെ തേടിവരാറുള്ളൊരാ പഴയ കാറ്റിനെ
കെടിപ്പുണരുവാന്‍ ആഗ്രഹിക്കുംബോഴും
വിഫലമാണെല്ലാമെന്ന്-ഞാന്‍ വീണ്ടുമറിയുന്നു.

സന്തോഷിക്കുവാന്‍ കാര്യമില്ലാത്തൊരീ-
ഉദ്ദീപനങ്ങള്‍ മരിക്കുമീ വെളയില്‍
ചലിക്കുവാനിന്നെനിക്കവസാനമായൊരീ മിഴികള്‍ മാത്രം.

ഒടുവില്‍ ആ കാഴ്ചയും
എന്നില്‍ നിന്നകലുന്നു
തെളിഞ്ഞു നിന്ന പലതും
നിഴല്‍ ചിത്രങ്ങളായ് മാറുന്നു
ഞാന്‍ എന്ന ഭാവം മറയുന്നു.

Monday, June 25, 2007

പനിക്കാലം
















ഇത് നിനക്കായ്
ഞാന്‍ കരുതിവച്ച ആശ്വാസവാക്കുകള്‍,
“ഇനി നാമൊരിക്കലും
ചുടുനിശ്വാസത്തിന്റെ
വേദന വമിക്കുന്ന
ജ്വരങ്ങളില്‍ പെട്ടുഴലാതിരിക്കട്ടെ!!!“

Saturday, April 07, 2007

മുഖങ്ങള്‍

















ജീവിതത്തിന്റെ വഴിവക്കില്‍
ഞാന്‍ കണ്ട മുഖങ്ങളെത്ര രൂപങ്ങളെത്ര!,
കാ‍ലത്തിന്റെ കുത്തൊഴുക്കില്‍
ഞാന്‍ മറന്നു പോയവരെത്ര
എന്നെ വിട്ടുപോയവരെത്ര!!

വേഗതയുടെ ലോകത്തില്‍
എനിക്ക് മനസിലാക്കുവാന്‍ പറ്റാത്തവരെത്ര!,
എന്നെ മനസിലാക്കുവാന്‍ ശ്രമിക്കാത്തവരെത്ര!!

അവിടെ എന്നൊട് പുഞ്ചിരിച്ച
മുഖങ്ങളോട് ഞാനും പുഞ്ചിരിച്ചില്ലെ?
എന്നാല്‍ പുഞ്ചിരിക്കുന്ന മുഖത്തിന്റെ
വഞ്ചിച്ച ചരിത്രങ്ങളറിയുന്നേരം,
ശ്രമിക്കുന്നു ഞാന്‍,പൊയ്മുഖങ്ങളെ
നിങ്ങളെ മറക്കുവാന്‍..എന്നെന്നേക്കുമായ്....
 
ജാലകം