Wednesday, December 09, 2009














നമ്മള്‍

നാമെന്തു ബന്ധം,നമുക്കെന്തു സ്വന്തം?

കടലെടുത്തതും കാറ്റില്‍ പറന്നതും
കാലുറക്കാതെ കീഴ്മേല്‍ മറിഞ്ഞതും
ചങ്കുറപ്പാല്‍ കരം കോര്‍ത്തുയര്‍ന്നു നാം
കരളുറപ്പിന്റെ കൂട്ടുകാരായതും..

കളിവിളക്കില്‍ മുഖം തെളിഞ്ഞന്നേരം
അരയുറക്കത്തിലൊ‍രുമിച്ചരങ്ങില്‍ നാം.
പദങ്ങള്‍ മാറ്റിയാടിത്തിമിര്‍ത്തു നീ-
പ്രണയം വിതുമ്പലായ്
എന്‍ മുന്നില്‍ നിന്നതും.

പകരം തരാനെന്റെ മനസ്സുണ്ട്-ഞാനുണ്ട്
ചോര വറ്റാത്തൊരെന്‍ ഹൃദയമുണ്ട്!

നറുനിലാവോളങ്ങള്‍ തുള്ളിത്തുടിക്കുമ്പോള്‍,
വെയിലുറഞ്ഞീറന്‍ വലിച്ചെടുക്കുമ്പോള്‍,
തിരിയുഴിഞ്ഞാഴിയിലളന്നൊഴിക്കുമ്പോള്‍,
പാതിരാ പുള്ളുകള്‍ പാടിപ്പരത്തട്ടെ
പ്രളയം മരിച്ചെന്ന് ;പ്രണയം ജനിച്ചെന്ന്.

കാതമേറെ നാം കാത്തിരുന്നപ്പോഴും-
കാതിലെത്ര നാം കിന്നരിച്ചു
നീണ്ട രാവുകളിലെത്ര കിനാക്കള്‍ നെയ്തു?

തണല്‍ തേടി തരു തേടി
കാട്ടിലലഞ്ഞ നാള്‍
ഒരു മരത്തണലില്‍ കിതച്ചിരുന്നു.
കാട്ടുവള്ളികള്‍ തോരണം
ചാര്‍ത്തിയ പന്തലില്‍
നാമറിയാതെ നാം നമ്മെ വേട്ടു.

പിന്നെ-കാര്‍മേഘം
പെയ്തൊഴിഞ്ഞൊരു നാളില്‍
മഴ നനഞ്ഞെത്ര നാം!
മെയ് മറന്നെത്ര നാം!

നീയെന്റെ പാട്ടുകള്‍ക്കീണമായി
തീരാഗാനമായി
രാഗ താളമായി .
 
ജാലകം